പെരിയങ്ങാനത്ത് പുനംകൃഷിക്ക് പുനര്‍ജനി

  നാണ്യവിളകള്‍ക്ക് പ്രചാരമേറിയപ്പോള്‍ നാടുനീങ്ങിയ പുനംകൃഷിക്ക് ഒരു കൂട്ടം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുനര്‍ജീവന്‍. പെരിയങ്ങാനം ഗവ. എല്‍.പി. സ്‌കൂള്‍ വളപ്പിലാണ് പുനം കൃഷി ആരംഭിച്ചത്. സ്‌കൂളിനോടുചേര്‍ന്നുള്ള മലഞ്ചെരുവിലെ ഒന്നരയേക്കര്‍ സ്ഥലത്ത് കഴിഞ്ഞദിവസം വിത്തുവിതച്ചു.

ഇഞ്ചമുള്ള്‌നിറഞ്ഞ ബല്ലക്കാടുകള്‍ വെട്ടിത്തെളിച്ച് കത്തിച്ചു. അതില്‍ നെല്ലും മുത്താറിയും തിനയും തുവരയുമടങ്ങുന്ന വിത്തുകൂട്ട് വിതച്ചു. പി.ടി.എ.യും കൃഷിഭവനും ചേര്‍ന്നാണ് കുട്ടികള്‍ക്ക് പുനംകൃഷി അനുഭവമാക്കിമാറ്റിയത്.മലമുകളില്‍ പുനംകൊത്തി നെല്ലുവിളയിക്കുന്ന രീതിയാണ് പുനംകൃഷി. മലനാട്ടില്‍ നാണ്യവിളകളുടെ സമൃദ്ധി വരുംമുമ്പ് നാട്ടുകാര്‍ ക്ഷാമമകറ്റിയിരുന്നത് ഇങ്ങനെയായിരുന്നു.പെരിയങ്ങാനം സ്‌കൂളിന്റെ രണ്ടരയേക്കര്‍സ്ഥലം ഭൂരിഭാഗവും കാടുമൂടിയനിലയിലായിരുന്നു. പുനം കൃഷിയുടെ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഇവിടത്തെ പഴയകാലകര്‍ഷകരും സ്‌കൂളിലെ കൃഷിയിറക്കലിനെത്തി.


തൊഴിലുറപ്പ്പദ്ധതിയിലാണ് കാടുവെട്ടിയത്. വിത്തുകള്‍ കൃഷിഭവന്‍നല്‍കി. നാട്ടുകാരില്‍നിന്ന് പഴയകാല വിത്തും ശേഖരിച്ചു. വാര്‍ഡ് മെമ്പര്‍ മനോജ് തോമസ് വിത ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ ഒ.എം.ബാലകൃഷ്ണന്‍, കൃഷി ഓഫീസര്‍ വീണാറാണി, കൃഷി അസിസ്റ്റന്റ് എസ്.രമേശ്കുമാര്‍, പി.ടി.എ. പ്രസിഡന്റ് എം.വി.പ്രസന്നകുമാര്‍, കൃഷിസമിതിയംഗം കെ.രാഘവന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Comments

Popular posts from this blog