ഈ ദിനത്തില്‍ പ്രസക്തമെന്നു തോന്നുന്നത് .
കീഴാറ്റിങ്ങ ല്‍ സ്കൂള്‍ ബ്ലോഗില്‍ പ്രകാശിപ്പിച്ച ഒരു അനുഭവം  പങ്കിടുന്നു. പല സ്കൂളുകാരും സവിശേഷ പരിഗണന നല്‍കേണ്ട കുട്ടികളെ പ്രത്യേകം അവഗണിച്ചു മൂലയ്ക്കൊതുക്കി ലേബല്‍ ചെയ്യുമ്പോള്‍ അതില്‍നിന്നും വ്യത്യസ്തമായ സമീപനം പുലര്‍ത്തി ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ചു വിജയിക്കുന്നതിന്റെ നേര്‍ ചിത്രമാണിത്..മറ്റു കുട്ടികളെ എങ്ങനെയും പിന്തള്ളി മുന്നിലെത്തുക എന്നതിന് പകരം കൈ കോര്‍ത്തു മുന്നേറുക എന്ന സമീപനം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ ആണ് വേണ്ടത്.

"അഭയ ഭയന്ന് ഒരു മൂലയിലിരിക്കും!
ഇടക്കിടയ്ക്ക് ആരോടും അനുവാദം ചോദിക്കാതെ സ്കൂൾ പറമ്പിലേയ്ക്ക് നടക്കും.
ഞങ്ങൾ പിന്നാലെയെത്തി തിരിച്ച് ക്ലാസ്സിലേയ്ക്ക് വലിച്ചുകൊണ്ടുവരും.
എന്നും ഉച്ചയാകുമ്പോൾ അഭയയുടെ അമ്മ സ്കൂളിലെത്തും.
മകൾക്ക് കഞ്ഞി വാരിക്കൊടുക്കും.

എല്ലാകുട്ടികളും മികവിലേയ്ക്ക്!
സംയോജിത വിദ്യാഭ്യാസം വ്യക്തിയുടെ അവകാശം!
ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന!!
ഒറ്റപ്പെടുത്തലാണ് ഏറ്റവും വലിയ പാപം!!
ഞങ്ങൾ ശ്രമിയ്ക്കാൻ തന്നെ തീരുമാനിച്ചു.

അഭയയെ നിരീക്ഷിക്കാൻ തുടങ്ങി.
അവൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല.
ഭാഷണവൈകല്യമല്ല- പദസമ്പത്തില്ല.

അഭയയോട് കൂടുതൽ സംസാരിക്കണം.
ഞങ്ങൾ ഊഴമിട്ട് അവളോട് സംസാരിയ്ക്കാൻ തുടങ്ങി.
അമ്മയെക്കുറിച്ച്, വീട്ടിനെക്കുറിച്ച്, കിളിയെക്കുറിച്ച്, ചേട്ടനെക്കുറിച്ച്, പൂച്ചയെക്കുറിച്ച്
അങ്ങനെ നൂറ് കാര്യങ്ങൾ.

അത്ഭുതം.!!
അഭയ ഒരു കിലുക്കാമ്പെട്ടിയായി മാറി.
അവൾക്കിപ്പോൾ ഞങ്ങളോട് ആയിരം കാര്യങ്ങൾ പറയാനുണ്ട്.
സ്ക്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്, മരത്തെക്കുറിച്ച്, കുഞ്ഞിനെക്കുറിച്ച്
അങ്ങനെയങ്ങനെ ഏറെ!
അവളിപ്പോൾ ഞങ്ങളുടെ പിറകിൽനിന്ന് മാറില്ല.
ചിലപ്പോഴൊക്കെ ഒരു ശല്യമായി തോന്നാറുണ്ട് എങ്കിലും
ഞങ്ങൾക്ക് ഇപ്പോൾ അത് ആസ്വദിക്കാനാവുന്നു.

അഭയയുടെ ലോകം കൂടുതൽ വലുതായിരിക്കുന്നു.
ബി. ആർ. സി യിലെ സുനിജ ടീച്ചർ വല്ലപ്പോഴും വരുന്നത് ഞങ്ങൾക്ക് ഒരാവേശമാണ്.
അഭയയെ സമീപിക്കുവാനുള്ള പുത്തൻ തന്ത്രങ്ങളുമായാണ് ടീച്ചർ എപ്പോഴുമെത്തുക.

ക്ലാസ്സ് മുറിയിൽ തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി കഴിഞ്ഞ ദിവസം അവൾക്ക് തൊട്ടിലായി. അതിനുള്ളിലെ പുസ്തകം കുഞ്ഞുവാവയും.
അമ്മ കുഞ്ഞിന് പാലുകൊടുത്ത്, തൊട്ടിലിൽകിടത്തിയുറക്കി, വീട്ടുപണികൾ ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ഉണർന്ന് കരഞ്ഞു. അമ്മ അസ്വസ്ഥയായെങ്കിലും വീട്ടുപണികൾക്കിടയിൽ ഓടിയെത്തി കുഞ്ഞിനെ ആശ്വസിപ്പിച്ചു.

ഞങ്ങൾ ഈ കാഴ്ചയെ എന്തു പേരിട്ടു വിളിക്കും.

  • വിവരണം?

  • നാടകീകരണം?
  • അഭിനയം?
  • സംഭാഷണം തയ്യാറാക്കൽ?
  • കഥാരചന?
  • മൈന്റ് മാപ്പിംഗ്?
എന്തായാലും ഞങ്ങളുടെ അഭയ വളരുകയാണ്. മനസ്സുകൊണ്ട്!

ക്ലാസില്‍ കുട്ടികള്‍ പിന്നോക്കം ആകുന്നെങ്കില്‍ അത് അവരുടെ മനസ് ഏറ്റെടുക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ്.പല അധ്യാപകരും പ്രത്യേക പരിഗണന എന്നു വച്ചാല്‍ മാറ്റിയിരുത്തി പഠിപ്പിക്കുക എന്നാണു കരുതുന്നത്.പ്രത്യേക പരിഗണന എന്ന വാക്ക ആശയക്കുഴപ്പം ഉണ്ടാക്കുന്നുവോ?കൂടുതല്‍ പരിഗണന എന്നല്ലേ വേണ്ടത്.മറ്റുള്ളവര്‍ക്ക് കിട്ടുന്നതിനെക്കാലും കൂടുതല്‍ കൊടുക്കാന്‍ തയാറാവുക.നാം പാര്ശ്വവത്കരിക്കുന്നവര്‍ക്കൊപ്പം.
സ്കൂള്‍ ബ്ലോഗുകള്‍ എങ്ങനെ അനുഭവങ്ങള്‍ പകരും എന്നതിന്റെ നല്ല ഒരു ഉദാഹരണം കൂടിയാണീ പോസ്റ്റ്‌.
സ്കൂളിനു എല്ലാ ആശംസകളും
ബ്ലോഗ്‌ വിലാസം.
http://lpskeezhattingal.blogspot.com/
കടപ്പാട് :ചൂണ്ടുവിരല്‍

Comments

Popular posts from this blog

ഓളം 10