അനുഭവക്കുറിപ്പ്. MAYA



അനുഭവക്കുറിപ്പ്
ഞാനും ഷേര്‍ലി ടീച്ചറുംകൂടിയാണ് കൂന്നുംകൈ കപ്പാത്തിയിലുള്ള ' രത്തുവിന്റെ ' വീട്ടില്‍ ആദ്യമായി പോകുന്നത്. വീട്ടിലെത്തിയ ഞങ്ങളെ രത്തു തെല്ലൊരു ആശ്ചര്യത്തോടെ നോക്കി. അന്ന് അവന്‍ ഞങ്ങളോട് ഒന്നും മിണ്ടിയില്ല. അവന്റെ വീട്ടിലെ വിശേഷങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളുമെല്ലാം ഞങ്ങള്‍ ചോദിച്ചു. എന്നാല്‍ ആദ്യമായി കണ്ടതിന്റെ അമ്പരപ്പുകൊണ്ടാവാം അവന്‍ ഒന്നും മിണ്ടിയില്ല. നിരാശയോടെയാണ് അവിടെ നിന്നും ഇറങ്ങിയത്. വീണ്ടും അടുത്ത ആഴ്ച ഞാന്‍ അവിടെയെത്തി.ഞാന്‍ കുറേ കാര്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം കുറഞ്ഞ വാക്കുകളില്‍ അവന്‍ എനിക്ക് മറുപടി തന്നു. രത്തു അവനെ മുന്‍പ് പഠിപ്പിച്ചിരുന്ന ഷിനി ടീച്ചറിന്റെ വിശേഷങ്ങള്‍ ചോദിച്ചു. അതു കേട്ടപ്പോള്‍ അവന്റെ കണ്ണുകള്‍ വിടരുന്നത് ഞാന്‍ കണ്ടു. അവന്‍ ഷിനിടീച്ചര്‍ പഠിപ്പിച്ച പാഠങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ക്ക് ഷീറ്റുമെല്ലാം കാണിച്ചു തന്നു. തുടര്‍ന്ന് ഞാന്‍ എല്ലാ ആഴ്ചയിലും രത്തുവിന്റെ വീട്ടിലെത്തി.ഞങ്ങള്‍ കളിച്ചും പഠിച്ചും നിറം കൊടുത്തും അക്ഷരങ്ങളുടെ ലോകത്തെത്തി. രത്തുവിന് ഇപ്പോള്‍ എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും അറിയാം. ചെറിയ വാക്കുകള്‍ എഴുതാനും അത് കൂട്ടി വായിക്കാനും തുടങ്ങിയിരിക്കുന്നു. രത്തുവിന് ആശയങ്ങള്‍ കുറവാണ്. ചിന്തകളും പദങ്ങളും കുറവാണ്. അതുകൊണ്ട് അവന്റെ ടീച്ചറെന്ന നിലയില്‍ ഓരോ ചെറിയ വിഷയങ്ങള്‍ കൊടുത്തിട്ട് അവയെക്കുറിച്ച് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ പതിയെ വാക്കുകളുടെ ലോകത്തേയ്ക്കും ചിന്തകളുടെ ലോകത്തേയ്ക്കും രത്തു വരാന്‍ തുടങ്ങി. രത്തുവിന് ചിത്രങ്ങള്‍ക്ക് നിറം കൊടുക്കാന്‍ ഇഷ്ടമാണ്. നിറച്ചാര്‍ത്ത് എന്ന പേരില്‍ ബി.ആര്‍.സി യില്‍ ഡിസംബര്‍ 3 ന് നടത്തിയ പരിപാടിയില്‍ വച്ച് രത്തുവിന് സമ്മാനമായി കിട്ടിയ ക്രയോണ്‍സ് കൊണ്ട് അവന്‍ നിറം കൊടുക്കും. രത്തുവിന്റെ ബുക്കില്‍ ഞാന്‍ പൂവിന്റെ ചിത്രം വരച്ചു കൊടുക്കും. രത്തു അതിന്റെ ഇതളുകളിലും ഇലകളിലും അവന്റെ വീട്ടിലുള്ളവരുടെയും അധ്യാപകരുടെയും പേരുകള്‍ എഴുതും. കേരളത്തിലെ ജില്ലകള്‍ എഴുതും. അവയ്ക്ക് നിറം കൊടുക്കും. ബുക്കില്‍ ചുവന്ന മഷിയില്‍ ശരി ഇടുമ്പോള്‍ അവന്റെ കുഞ്ഞിക്കണ്ണുകള്‍ വിടരും.
2014 സെപ്റ്റംബര്‍ 4-ാം തീയതി രത്തുവിന്റെ വീട്ടിലേയ്ക്ക് എ.യു.പി സ്കൂളിലെ അവന്റെ സഹപാഠികള്‍ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എത്തി. രത്തുവിന് ഓണക്കോടിയും ഓണക്കിറ്റും സമ്മാനിച്ചു. രത്തു തന്റെ കൂട്ടുകാരുടെ സാമീപ്യത്തില്‍ സന്തോഷവാനായിരുന്നു.
ചിറ്റാരിക്കാല്‍ ബി. ആര്‍.സി യില്‍ നിന്നും സ്ഥലമാറ്റം കിട്ടി പോകുമ്പോള്‍ രത്തുവില്‍ നിന്നും അകലുന്നുവെന്നത് എന്നെ സങ്കടപ്പെടുത്തുന്നു. എന്നും എന്റെ മനസ്സില്‍ നൊമ്പരമായിരിക്കും ഈ അകല്‍ച്ച..............

എന്ന്
മായ എല്‍.
കാസറഗോഡ് സര്‍വ്വ ശിക്ഷാ അഭിയാനില്‍ ഐ..ഡി റിസോഴ്സ് അധ്യാപിക

Comments

Popular posts from this blog

ഓളം 10