അറിവിന്റെ വാതായനം തുറന്ന് വേറിട്ട യാത്ര

 അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കാന്‍ നല്ല വായനക്കാരനെയും ഗ്രന്ഥശേഖരവും തേടിയുള്ള വിദ്യാര്‍ഥികളുടെ യാത്ര വായനവാരത്തെ വേറിട്ടതാക്കി. ബിരിക്കുളം എയുപി സ്കൂളിലെ കുട്ടികളാണ് വായന വാരത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്. മികച്ച വായനക്കാരനും ലൈബ്രേറിയനുമായ ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ എം കെ ഗോപകുമാറിന്റെ വീട്ടിലാണ് സ്കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തില്‍ മുപ്പതോളം കുട്ടികളും അധ്യാപകരുമെത്തിയത്. നെല്ലിയടുക്കത്തെ വീട്ടിലെത്തിയ കുട്ടികള്‍ അധ്യാപകന്റെ നാലായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി കണ്ട് അത്ഭുതം കൂറി. കാറല്‍ മാര്‍ക്സിന്റെ മൂലധനം, വൈലോപ്പിള്ളി, ഇടശേരി, സുഗതകുമാരി, ഒ എന്‍ വി, വള്ളത്തോള്‍ തുടങ്ങി പ്രഗത്ഭരായ എഴുത്തുകാരുടെ സമ്പൂര്‍ണ കൃതികള്‍ , തകഴി, ഉറൂബ് എന്നിവരുടെ നോവലുകള്‍ , ബൈബിള്‍ , ഖുറാന്‍ , ഭഗവത്ഗീത, രാമായണം, മഹാഭാരതം എന്നിവയും ഇ എം എസ്, ഇ കെ നായനാര്‍ , എ കെ ജി ജീവചരിത്രവും ആത്മകഥയും വിവിധ നാടകങ്ങളും ഗോപകുമാറിന്റെ ശേഖരത്തില്‍ കണ്ട കുട്ടികള്‍ ഓരോന്നിനെയും കുറിച്ച് ചോദിച്ചറിഞ്ഞു. തന്റെ ജീവിതത്തില്‍ വായനയിലൂടെയുണ്ടായ ഓരോ മാറ്റവും കുട്ടികള്‍ക്ക് മുന്നില്‍ വിവരിച്ച ഗോപകുമാര്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് മറ്റൊന്നും വായിക്കാന്‍ അനുവദിക്കാത്ത ചെറുപ്പകാലത്ത് കാട്ടിലൊളിച്ചിരുന്ന് പുസ്തകം വായിച്ച അനുഭവം വിവരിച്ചപ്പോള്‍ കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി. കവിത, ഗാനങ്ങള്‍ എന്നിവയുടെ രചനയില്‍ തല്‍പരനായ ഗോപകുമാര്‍ മികച്ച നാടക നടനും സംവിധായകനുമാണ്. ഐസ്ക്രീം, മിഠായി എന്നിവ വാങ്ങാന്‍ കിട്ടുന്ന തുകയ്ക്ക് ഇനിമുതല്‍ പുസ്തകങ്ങള്‍ വാങ്ങി മാഷിന്റേതുപോലുള്ള ലൈബ്രറി ആരംഭിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കുട്ടികള്‍ പിരിഞ്ഞത്. 

Comments